കോഴിക്കോട്:വിവാദ വികാരിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച താമരശ്ശേരി രൂപതാംഗവും , മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ.അജി പുതിയാപറമ്പലിന് വിലക്ക് ഏര്‍പ്പെടുത്തി . താമരശ്ശേരി രൂപത ബിഷപ് റെമജിയോസ് ഇഞ്ചനാനിയില്‍ ആണ് ഉത്തരവിറക്കിയത്. ട്രൈബ്യൂണലിന്റെ വിചാരണ തീരുന്നതുവരെയാണ് വിലക്ക്. കത്തോലിക്കാ സഭയിലെ വൈദികനായി തുടരാന്‍ ഫാ.അജി ആഗ്രഹിക്കുന്നുണ്ടങ്കില്‍ മാത്രമേ ഈ വിലക്കുകള്‍ ബാധകമാകുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ കൂദാശാ പരികര്‍മ്മങ്ങളില്‍ നിന്നും ഫാ.അജിയെ വിലക്കിയിട്ടുണ്ട്. വിചാരണ കാലയളവില്‍ കോഴിക്കോട് മേരിക്കുന്നിലെ രൂപതാ വൈദിക മന്ദിരത്തില്‍ താമസിക്കണം. വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റൊരിടത്തും കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ലെന്നും പരസ്യമായി കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറമ്പിനെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഏപ്രിലില്‍ നൂറാംതോട് പള്ളിയിലേക്ക് മാറ്റിയെങ്കിലും ചുമതലയേറ്റെടുത്തില്ല. ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് എറണാകുളത്തേക്കു പോയി. ഇതാണ് ഇദ്ദേഹത്തിന്റെ പേരില്‍ യുമത്തപ്പെട്ട കുറ്റം. വിലക്ക് കല്‍പ്പിച്ചതിനാല്‍ ഫാ.അജിക്ക് കുമ്പസാരിപ്പിക്കാനായി നല്കിയ അനുവാദം പിന്‍വലിച്ചു. എന്നാല്‍ മരണസന്നനായ ഒരാള്‍ ആവശ്യപ്പെട്ടാല്‍ കുമ്പസാരിപ്പിക്കാം.
വൈദിക മന്ദിരത്തില്‍ അല്ലാതെ വേറെ എവിടേയും താമസിക്കാന്‍ പാടില്ല. വൈദിക മന്ദിരം ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി കൂടാതെ യാത്ര ചെയ്യാനും ആരേയും സന്ദര്‍ശിക്കാനും പാടില്ല. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പോകാനും മതമേലധികാരികളേയും നിയമവിദഗ്ദ്ധരേയും കാണാന്‍ അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതാന്‍ പാടില്ല, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പൊതു മീറ്റിങ്ങില്‍ പങ്കെടുക്കരുത്, പൊതു വേദികളില്‍ പ്രസംഗിക്കരുത് എന്നിവയും ഉത്തരവില്‍ പറയുന്നുണ്ട്. നൂറാംതോട് പള്ളിയിലെ ചുമതല ഏറ്റെടുക്കാത്തതിനാല്‍ വൈദികനെ ആദ്യം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതു പിന്‍വലിച്ചശേഷമാണ് വിചാരണയ്ക്ക് ട്രിബ്യൂണലിനെ നിയമിച്ചത്. കാനോനിക നിയമം അറിയാവുന്ന വൈദികനെ മാത്രമേ തന്റെ വക്കീലായി നിയമിക്കാന്‍ സാധിക്കു എന്നും ഉത്തരവില്‍ പറയുന്നു.