ടെർക: മുൻ ഘാന ഇന്റർനാഷണൽ റാഫേൽ ദ്വാമേന (28) ഫുട്ബാൾ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. ലാലിഗ ക്ലബ് ലെവാന്റയുടെ താരമായിരുന്നു. അൽബേനിയൻ ലീഗ് മത്സരത്തിനിടെയായിരുന്നു ദാരുണാന്ത്യം. കുഴഞ്ഞു വീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
അൽബേനിയൻ ലീഗിലെ എഗ്നേഷ്യ രോഗോജും എഫ് കെ പാർടിസാനി ടിറാനയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് എഗ്നേഷ്യ രോഗോജ് സ്ട്രൈക്കറായ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഇംപ്ലാന്റബ്ൾ കാർഡിയോവെർടര്- ഡിഫൈബ്രില്ലേറ്ററിന്റെ സഹായത്തോടെയായിരുന്നു റാഫേൽ കളിച്ചിരുന്നത്.
2017-ൽ പ്രീമിയർ ലീഗിലെ ബ്രൈറ്റൺ ക്ലബിൽ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തിൽ തകരാർ കണ്ടെത്തുന്നത്.