പള്ളിക്കല്‍ : സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും പൊലീസിന്റെ പിടിയില്‍. മടവൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസില്‍ പള്ളിക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ 16ന് വിനീത് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചെന്നാണ് കേസ്. വിനീത് ഉള്‍പ്പെട്ട നാലംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തിയായിരുന്നു ആക്രമണം. കേസിലെ മൂന്നാം പ്രതിയാണ് വിനീത്. മറ്റു പ്രതികളെ പിടികൂടിയിട്ടില്ല.
സ്വര്‍ണാഭരണങ്ങള്‍ തട്ടിയ കേസില്‍ പൊലീസ് പിടിയിലായ വിനീത് അടുത്തിടെയാണ് പുറത്തിറങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കെയാണ് പുതിയ കേസ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നാണ് വിനീത് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. സ്വര്‍ണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിച്ചെന്നും പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.


