വിഴിഞ്ഞം : കേരളത്തില്‍ അസാധ്യം എന്നൊരു വാക്കില്ലെന്ന് മുഖ്യമന്ത്രി . പ്രതിസന്ധി എത്ര വലുതായാലും അതിജീവിക്കുമെന്ന് കൂട്ടായ്മയിലൂടെ തെളിയിച്ചുവെന്നും പിണറായി വിജയന്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം ഭാവനകള്‍ക്ക് അപ്പുറമായിരിക്കും. വികസിത കേരളമെന്ന ലക്ഷ്യത്തോടെ എല്ലാ മേഖലകളെയും ശക്തിപ്പെടുത്തും. കേന്ദ്രവും പദ്ധതിക്ക് അനുകൂലമായി നിന്നെന്ന് മുഖ്യമന്ത്രി. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയ അദാനി ഗ്രൂപ്പിന് അഭിനന്ദനം.
കമ്മിഷനിങ് ആറു മാസത്തിനുള്ളിലെന്ന് അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി. ഇപ്പോള്‍ വന്നതുപോലുള്ള എട്ട് കപ്പലുകള്‍കൂടി അടുത്ത ദിവസങ്ങളില്‍ വരും. വിഴിഞ്ഞം പദ്ധതിക്കെതിരെ ചില വാണിജ്യലോബികള്‍ നീക്കം നടത്തി. നിര്‍മാണ ഉല്പന്നങ്ങളുടെ ലഭ്യതക്കുറവ് പുലിമുട്ടിന് പ്രതിസന്ധി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഇടപെട്ട് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയെന്നും മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയെ ഹൃദയപൂര്‍വം സ്മരിക്കുന്നതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ സദ്ഭരണത്തിന്റെ അലയൊലിയാണ് വിഴിഞ്ഞ തുറമുഖമെന്ന് വി.മുരളീധരന്. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ധാരാളംപേരുണ്ടാകും. പരാജയം എന്നും അനാഥനായിരിക്കുമെന്നും കേന്ദ്രസഹമന്ത്രി. സംസ്ഥാന പദ്ധതിയായിട്ടാണ് വിഴിഞ്ഞം നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രസംഗത്തില്‍ പറഞ്ഞു..


