കണ്ണൂര്‍ : കൂത്തുപറമ്പ് ആറാംമൈലില്‍ ബസ് ഇടിച്ച് മറിഞ്ഞ സി.എന്‍.ജി ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടു പേര് വെന്തു മരിച്ചു. കണ്ണംങ്കോട് സ്വദേശികളായ ഷജീഷും ഓട്ടോ ഡ്രൈവര്‍ അഭിലാഷുമാണ് മരിച്ചത്. ഓട്ടോ മറിഞ്ഞയുടന്‍ സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്നത് തീ പടരാന്‍ കാരണമായി എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. സുഹൃത്തുക്കളായ ഷജീഷും അഭിലാഷും സഞ്ചരിച്ച ഓട്ടോയിലേക്ക് തലശ്ശേരിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന എം 4 സിക്സ് എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.കൂത്തുപറമ്പില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റാണ് തീയണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അപകടം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയ ശേഷമെ തീ പിടിക്കാനുള്ള കാരണം മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരി ക്കുകയുള്ളു. തീ പടരാനുള്ള കാരണം സിലിണ്ടര്‍ ചോര്‍ന്നതാണെന്ന നിഗമനത്തിലാണ് പൊലീസും. ആറാം മൈലില്‍ അഭിലാഷിന്റെ സഹോദരിയുടെ വീടുണ്ട് അവിടേക്ക് വന്നതാണ് ഇരുവരും. അതിനിടെയായിരുന്നു അപകടം.


