പാലക്കാട് : വണ്ടാഴിയിൽ പന്നിക്കെണിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. വണ്ടാഴി രാജീവ് ജംങ്ഷൻ പന്നിക്കുന്ന് കരൂർ പുത്തൻപുരയ്ക്കൽ ഗ്രേസിയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പന്നികളെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റുള്ള മരണമെന്നാണ് നിഗമനം.
ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
വന്യമൃഗശല്യം തടയാൻ ഗ്രേസി തന്നെയാണോ കെണി സ്ഥാപിച്ചതെന്ന സംശയം പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റാരെങ്കിലും പന്നിയെ പിടികൂടാൻ കമ്പി വഴി വൈദ്യുതി കടത്തിവിട്ടതാണോ എന്നതും അന്വേഷിക്കും.സമഗ്രമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് നിർദേശം നൽകി. ഒരാഴ്ച മുൻപാണ് പാലക്കാട് കരിങ്കരപ്പുള്ളിയിൽ പന്നിക്കെണിയിൽപ്പെട്ട് രണ്ട് യുവാക്കൾക്കും ജീവൻ നഷ്ടമായത്.


