ഹാങ്ഷൗ : തങ്ങളുടെ താരത്തെ രക്ഷിക്കാൻ ഫൗള്‍ സ്റ്റാര്‍ട്ടില്‍ കുടുക്കി പുറത്താക്കിയ ചൈനീസ് ബുദ്ധി അപ്പീലിലൂടെ പൊളിച്ച ഇന്ത്യൻ താരം ജ്യോതി യരാജിക്ക് ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള വെള്ളി.
ഇന്നലെ നടന്ന വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലിലാണ് തങ്ങളുടെ ഓട്ടക്കാരി വു യാന്നി അയോഗ്യയായി മാറുന്നത് തടയാൻ ചൈനീസ് ഒഫിഷ്യല്‍സ് നാടകം കളിച്ചത്. എന്നാല്‍, ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ കൃത്യസമയത്ത് അപ്പീല്‍ നല്‍കിയതോടെ വെള്ളി നേടിയതായി പ്രഖ്യാപിച്ച ചൈനീസ് താരത്തെ അയോഗ്യയാക്കുകയും മൂന്നാമത് ഫിനിഷ് ചെയ്തിരുന്ന ജ്യോതിക്ക് നല്‍കുകയുമായിരുന്നു.
വെടിയാെച്ച മുഴങ്ങുംമുന്നേ വു യാന്നി ഓടിത്തുടങ്ങിയിരുന്നു. ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയാല്‍ റെഡ് കാര്‍ഡ് കാട്ടി പുറത്താക്കണം. എന്നാല്‍, അടുത്ത ലെയ്നിലുണ്ടായിരുന്ന ജ്യോതിക്കും റെഡ് കാര്‍ഡ് നല്കിയപ്പോള് തന്റെ കൈ ഗ്രൗണ്ടില്‍ സ്പര്‍ശിച്ചിരുന്നതായും ഫൗള്‍ സ്റ്റാര്ട്ടല്ലെന്നും ജ്യോതി ശക്തമായി വാദിച്ചു. ഇതോടെ മത്സരം വൈകി. ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും പരിശോധിച്ച ശേഷം രണ്ട് താരങ്ങളെയും നാടകീയമായി മത്സരത്തിലേക്ക് തിരിച്ചുവിളിച്ചു. തുടര്‍ന്ന് ചൈനീസ് താരം ലിൻ യുവേയ് ഒന്നാമതായും വു രണ്ടാമതായും ജ്യോതി മൂന്നാമതായും ഫിനിഷ് ചെയ്തു. അത്ലറ്റിക് ഫെഡറേഷൻ അപ്പീല്‍ നല്‍കിയതോടെ മത്സരശേഷം വീണ്ടും ദൃശ്യങ്ങള്‍ പരിശോധിച്ച് വു യാന്നിനെ അയോഗ്യയാക്കുകയും ഇന്ത്യയ്ക്ക് വെള്ളി നല്‍കുകയുമായിരുന്നു. ആന്ധ്രപ്രദേശുകാരിയാണ് ജ്യോതി.
ഫൗള്‍ സ്റ്റാര്‍ട്ട് ചെയ്തില്ല എന്ന് ഉറപ്പുണ്ടായിരുന്നു. സമ്മര്‍ദ്ദമില്ലായിരുന്നെങ്കില്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനാകുമായിരുന്നു.


