തിരുവനന്തപുരം : സോളര്‍ സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും പിടിച്ചു കുലുക്കുന്നതിനിടെ കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കങ്ങളും മറനീക്കി പുറത്തുവരികയാണ്. ജോപ്പന്റെ അറസ്റ്റില്‍ കെ.സി ജോസഫ് അന്നത്തെ ആഭ്യന്തരമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയതോടെ നേതൃത്വത്തെ പരാതി അറിയിച്ചിരിക്കുകയാണ് തിരുവഞ്ചൂര്‍. രണ്ടുദിവസത്തിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പരസ്യ പ്രതികരണത്തിലേക്ക് നീങ്ങാനാണ് തീരുമാനം. സോളാര്‍ കമ്മീഷനെതിരായ സി ദിവാകരന്റെ വെളിപ്പെടുത്തലിന് കാര്യമായ ഗൗരവം കൊടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് അതൃപ്തി പരസ്യമാക്കുന്നതിനിടയായിരുന്നു മാസങ്ങള്‍ക്കു മുന്‍പുള്ള ഈ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ അത്ര ലാഘവത്തോടെ ഡിജിപി ഹേമചന്ദ്രന് അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞതോടെ അന്നത്തെ ആഭ്യന്തരമന്ത്രിയെ തന്നെയാണ് കെ സി ജോസഫ് സംശയ നിഴലിലാക്കുന്നത്. കഴിഞ്ഞദിവസം കോട്ടയം ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കെ സി ജോസഫ് നിലപാട് ആവര്‍ത്തിച്ചതോടെയാണ് തിരുവഞ്ചൂര്‍ ഇടഞ്ഞത്. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും മറ്റു മുന്‍ നിര നേതാക്കളെയും പരാതി അറിയിച്ചു.
രണ്ടുദിവസത്തിനുള്ളില്‍ താക്കീതോ നടപടിയോ ഉണ്ടായില്ലെങ്കില്‍ പരസ്യ പ്രതികരണത്തിലേക്ക് നീങ്ങാനാണ് തീരുമാനം. നിലപാടില്‍ മാറ്റമില്ലെങ്കിലും കെ സി ജോസഫ് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കിയേക്കും.സോളാര്‍ വിവാദം ഉടലെടുത്തത് കോണ്‍ഗ്രസില്‍ തന്നെയെന്നുള്ള ഇടതുപക്ഷ ആരോപണത്തിന് വഴിമരുന്നിടാതെ വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെയും ശ്രമം.


