മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ നടന് വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകള്‍. പോലീസ് നടപടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് വിവരം. വിലക്ക് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന.
വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്
എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. വിനായകന് സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീര്‍ ബാവ നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. വിനായകന്റെ ലഹരി – മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം വിനായകനെതിരെ കേസെടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു.


