തൃശൂര്‍: ഗുരുവായൂര്‍ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ചന്ദ്രശേഖരനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എട്ട് വയസ്സുള്ള ദേവനന്ദ, 12 വയസ്സുള്ള ശിവനന്ദന എന്നിവരാണ് കൊല്ലപ്പെട്ടത്.
ജൂണ്‍ 12-ന് ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ രാത്രിയാണ് ചന്ദ്രശേഖരനും മക്കളായ ശിവനന്ദന, ദേവനന്ദ എന്നിവര്‍ മുറിയെടുത്തത്. അടുത്ത ദിവസം ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയണമായിരുന്നു. എന്നാല്‍ മുറി ഒഴിയാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ തട്ടി നോക്കിയെങ്കിലും പ്രതികരണം ഉണ്ടായില്ല. സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടത്. കൈഞരമ്പ് മുറിച്ചും വിഷം കഴിച്ചും അവശനിലയിലാണ് ചന്ദ്രശേഖരനെ കണ്ടെത്തിയത്.
15 വര്‍ഷം മുമ്പാണ് വയനാട് സ്വദേശിയായ ചന്ദ്രശേഖരന് തൃശൂരിലെത്തിയത്. ഇവിടെ വെച്ച് രണ്ടാമതും വിവാഹിതനായി. ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുട്ടികളില്‍ ഒരാള്‍ അസുഖ ബാധിതയുമായിരുന്നു. ഇക്കാരണത്താലാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമീക നിഗമനം.


