തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അഞ്ജുവിനെ ഇന്നുച്ചയോടെ തമ്പാനൂർ പൊലീസാണ് പിടികൂടിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്നുലക്ഷം രൂപയ്ക്കായിരുന്നു കുഞ്ഞിന്റെ വില്‍പ്പന. ഏപ്രിൽ 17നാണ് കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ വെച്ച് കൈമാറാൻ തീരുമാനിച്ചിരുന്നത്. പിന്നീട് വാർത്ത പുറത്ത് വന്നതോടെ അഞജുവിനായള്ള തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിന് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയിൽ നിന്ന് ലഭിച്ച വിവരങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ജു പിടിയിലായത്. അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുഞ്ഞിനെ വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും എതിരെ നേരത്തെ കേസെടുത്തിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുഞ്ഞ്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയില്‍ നിന്ന് തമ്പാനൂര്‍ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. നിയമ തടസ്സം ഉള്ളതുകൊണ്ടായിരുന്നു ഇതുവരെ പൊലീസിന് എഫ്ഐആര്‍ രേഖപ്പെടുത്താന്‍ കഴിയാതെ പോയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ കോടതിയില്‍ പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അനുമതി തേടിയാണ് കേസ് എടുത്തത്. പറഞ്ഞുറപ്പിച്ച തുകയിൽ നിന്നും പ്രസവത്തിന് മുന്‍പ് തന്നെ 52,000 രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. ഇതോടെയാണ് മുൻകൂട്ടി തീരുമാനിച്ചുള്ള വില്‍പ്പനയാണെന്ന് പൊലീസ് മനസിലാക്കിയത്