ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. മയക്കുവെടി വച്ചാല്‍ നാല് മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാകുമെന്നാണ് വിവരം. പ്രതിഷേധം ഭയന്ന് അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കി വച്ചിരിക്കുകയാണ് വനംവകുപ്പ്.
ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ ദൗത്യസംഘം കാടുകയറി. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ 150 പേരുടെ ദൗത്യസംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പുറപ്പെട്ടത്. മോക്ക് ഡ്രില്ലും മറ്റ് ഒരുക്കങ്ങളും ചിന്നക്കനാലില്‍ ദൗത്യ സംഘം പൂര്‍ത്തിയാക്കി.
പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.
നിലവില്‍ പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്. മഴ ഇത്തരത്തില്‍ മാറിനിന്നാല്‍ പതിനൊന്നു മണിയോടെ ദൗത്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. ദൗത്യത്തില്‍ നാല് കുങ്കിയാനകളുമുണ്ട്.
സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ആന നിലവില്‍ ഈ പ്രദേശത്തുതന്നെയാണ് ഉള്ളതെന്നാണ് സൂചന. ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്നതടക്കമുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശപ്രകാരം രഹസ്യമായി വച്ചിരിക്കുകയാണ് വനംവകുപ്പ്.


