ദുബൈ: ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഇന്ന്. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ചെറിയ പെരുന്നാള്‍ നാളെ ആയിരിക്കും. മക്കയിലും മദീനയിലും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയതിന് ശേഷമുളള ആദ്യത്തെ പെരുന്നാളായിരിക്കും ഇത്.
സൗദിയിലെ മൂണ്‍ സൈറ്റിങ് കമ്മിറ്റിയാണ് മാസപ്പിറവി ആദ്യം കണ്ടത്. പിന്നാലെ ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങള്‍ ചെറിയ പെരുന്നാള്‍ നാളെ ആയിരിക്കുമെന്ന് അറിയിക്കുകയായിരുന്നു. സൗദിയില്‍ മാത്രം ഇരുപതിനായിരത്തിലേറെ പളളികളിലാണ് നമസ്ക്കാരത്തിനുളള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പെരുന്നാള്‍ വെളളിയാഴ്ച ആയതിനാല്‍ ഈദ് നമസ്ക്കാരവും വെളളിയാഴ്ച പ്രാര്‍ത്ഥനയും പ്രത്യേകം നടത്തണമെന്ന് യുഎഇ നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് തീരുമാനം എടുക്കാം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ 89 വിദേശികളടക്കം 198 തടവുകാരെ വിട്ടയക്കും.


