കോഴിക്കോട്: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി കൊല്ലം കുറ്റിപൊരിച്ച വയലില്‍ ഷിനോജാണ്(31) മരിച്ചത്. ഷിനോജിന്റെ കൂടെയുണ്ടായിരുന്ന സാരംഗ് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സാരംഗിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിനോജ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ കൊല്ലം ടൗണിലായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ ഷിനോജിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.


