മുളന്തുരുത്തി: വൈലോപ്പിള്ളിക്ക് സ്മാരകമായി അദ്ദേഹത്തിന്റെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തി പബ്ലിക് റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഇതിനായി പത്തു ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുളന്തുരുത്തി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച വൈലോപ്പിളളി സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ ഏറ്റവും ജനകീയവും കാവ്യ ഗുണസമ്പന്നവുമായ കവിത പിറന്ന ഈ ഇടത്തില്‍ എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഒത്തു കൂടാന്‍ ഇടമൊരുക്കും. സ്കൂള്‍ അധ്യയനത്തിനു തടസം വരാത്ത രീതിയില്‍ സാംസ്കാരിക സദസ്, വിജ്ഞാന സദസ് എന്നിവയും ഭാവിയില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.
മാമ്പഴം കവിതയെ ആസ്പദമാക്കി സ്കൂള്‍ അങ്കണത്തില്‍ അമ്മയും കുഞ്ഞും എന്ന പ്രതീകാത്മക ശില്പം നിര്‍മ്മിച്ച ശില്പി ശിവദാസ് എടയ്ക്കാട്ടുവയലിനെ ചടങ്ങില്‍ പ്രസിഡന്റ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാരകം പൂര്‍ത്തീകരിച്ചത്. മുളന്തുരുത്തി ഗവണ്മെന്റ് ഹൈസ്കൂളില്‍ അദ്ധ്യാപകനായിരിക്കെ 1936- ലാണ് മാമ്പഴം കവിത വൈലോപ്പിളളി രചിച്ചത്.
വൈസ് പ്രസിഡന്റ് സനിതാ റഹീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍ , മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവര്‍ മുഖ്യാതിഥിയായി. മുളന്തുരുത്തി, ജി. എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ ജി ഉല്ലാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.ജെ.ജോമി, റാണിക്കുട്ടി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ,എല്‍ദോ ടോം പോള്‍, ശാരദാ മോഹന്‍, അനിത ടീച്ചര്‍, ദീപു കുഞ്ഞുകുട്ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയ്നി രാജു, കെ കെ അജി, ഷാജി മാധവന്, ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് രതീഷ്.കെ.ദിവാകരന്, അംഗങ്ങളായ മാണി ജോര്‍ജ് , ബിനി ഷാജി , ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, ജോസഫ് അലക്സാണ്ടര്‍ , എം സി . സുരേഷ്, സജി മുളന്തുരുത്തി, ജോളി പി. തോമസ്, സ്കൂള്‍ പ്രധാന അധ്യാപിക കെ കെ പ്രീതി, പിടിഎ പ്രസിഡന്റ് കെ എസ് സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.