തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ നടു റോഡില്‍വെച്ച് മര്‍ദ്ദിച്ചെന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പിരപ്പന്‍കോട് പ്ലാക്കീഴ് ശരണ്യ ഭവനില്‍ അരുണ്‍ പ്രസാദ് (31), കാട്ടായിക്കോണം മേലേകാവുവിള വീട്ടില്‍ വിനയന്(28) എന്നിവരാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. അവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ചേങ്കോട്ടുകോണം എസ്എന്‍ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചെന്നായിരുന്നു നാലംഗ സംഘത്തിനെതിരായ പരാതി. സ്കൂള്‍ വിട്ട് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടയില്‍ കഴക്കൂട്ടം ചേങ്കോട്ടുകോണത്തുവെച്ച് വ്യാഴാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം സ്കൂള്‍ വിട്ട് പോകുന്ന പെണ്‍കുട്ടിയുമായി വാക്ക് തര്‍ക്കമുണ്ടാവുകയും പ്രകോപിതരയി മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ചെവിക്കും വയറിനും നെഞ്ചിനും പരുക്കേറ്റു. സംഭവം കണ്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ ബൈക്കുമായി കടന്നുകളഞ്ഞിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് നമ്പര്‍ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.


