ദില്ലി: മീടൂ വിഷയം സംബന്ധിച്ച് പ്രീതി സിന്റ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖമാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
മീടൂവിനെ സ്ത്രീകള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനും പബ്ലിസിറ്റിയ്ക്ക് വേണ്ടിയും ഉപയോഗിക്കുന്നുവെന്നായിരുന്നു പ്രീതി സിന്റയുടെ അഭിപ്രായ പ്രകടനം. സ്കൂള്‍ പഠനകാലത്ത് തന്നെ ലിംഗസമത്വത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തണമെന്നും പ്രീതി സിന്റ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. അങ്ങനെയെങ്കില്‍ മാത്രമേ എനിക്ക് നിങ്ങളോട് മറുപടി പറയാന്‍ സാധിക്കൂ. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെയേ അവര്‍ നിങ്ങളോട് പെരുമാറുകയുള്ളൂ എന്നും പ്രീതി സിന്റ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ നല്കിയ അഭിമുഖം എഡിറ്റ് ചെയ്ത് വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്ന് പ്രീതി സിന്റ ആരോപിക്കുന്നു. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും കുറച്ചു കൂടി മാന്യതയും പക്വതയും പ്രതീക്ഷിച്ചിരുന്നതായും പ്രീതി പ്രതികരിച്ചു.

