നാടിനെ വിറപ്പിച്ച പി.ടി സെവന് എന്ന ധോണിയെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികള്‍ക്ക് ആനപേടിയില്‍ നിന്നും മുക്തിയില്ല. ഇന്നലെ രാത്രി ധോണിയില്‍ കാട്ടാനയിറങ്ങി. തെങ്ങുകളും നെല്‍കൃഷിയും നശിപ്പിച്ചു. ഒറ്റയാനെ തുരുത്തിയത് ആര്‍ആര്‍ടി എത്തിയാണ്.
ആനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പി.ടി സെവനൊപ്പം നേരത്തെ ജനവാസ മേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒറ്റയാനിറങ്ങിയത്. ജനവാസമേഖലയിലെത്തിയ ആന വീട്ടുപറമ്പിലെ തെങ്ങുകളും നെല്‍കൃഷിയും നശിപ്പിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. പിടി സെവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസമേഖലയിലേക്ക് കാട്ടാനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാര്‍.