വെല്ലിംഗ്ടണ്‍: ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആര്‍ഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിന്‍സിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.
ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനും ഞായറാഴ്ച്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു. ഒക്ടോബര്‍ 14ന് ന്യൂസിലഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അടുത്ത മാസം സ്ഥാനമൊഴിയുന്ന കാര്യം ജസിന്‍ഡ അറിയിച്ചത്. ഇതോടെയാണ് ക്രിസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെത്തുന്നത്. 2020 നവംബറില്‍ കൊവിഡ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിന്‍സ് ആയിരുന്നു.
തങ്ങള്‍ ശക്തമായ ടീമാണെന്ന് വിശ്വസിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്രിസ് പറഞ്ഞു. ഐക്യത്തോടെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയത്, അത് തുടരും. ന്യൂസിലന്‍ഡിലെ ജനങ്ങളുടെ സേവനത്തില്‍ പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും ക്രിസ് പ്രതികരിച്ചു.
‘ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം നമ്മള് പ്രവര്‍ത്തിക്കും. അതിന് ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഈ പദവി എന്താണ് എന്ന് എനിക്ക് നന്നായി അറിയാം. രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും അല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ടായിരിക്കണം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജ്ജമില്ല.’ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജസിന്‍ഡ പറഞ്ഞു.


