കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലി തര്‍ക്കം രൂക്ഷം. തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തെങ്കിലും മിനുട്സില്‍ വിസി സിസ തോമസ് ഒപ്പിടാനിടയില്ല. ചൊവ്വാഴ്ച ചേരുന്ന സെനറ്റ് യോഗത്തില്‍ വീണ്ടുംതര്ക്കത്തിന് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെടിയു സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിസി ഒറ്റപ്പെട്ട നിലയിലായിരുന്നു. സര്‍വകലാശാലകളുടെ ദൈനം ദിനകാര്യങ്ങള്‍ക്ക് വിസിയെ സഹായിക്കാനെന്ന പേരിലാണ് പി കെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ വെച്ചത്. സര്‍ക്കാറിനെ മറികടന്ന് ഗവര്‍ണര്‍ നിയമിച്ച സിസ തോമസിനെ നിയന്ത്രിക്കല്‍ തന്നെയാണ് യഥാര്‍ത്ഥലക്ഷ്യം.
അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനങ്ങളെടുത്തതോടെ വിസി എതിര്‍പ്പ് ഉയര്‍ത്തിയിരുന്നില്ല. യോഗതീരുമാനങ്ങള്‍ വാര്‍ത്താകുറിപ്പായി ഇറക്കിയതും വിസിയോ പിആര്‍ഒ ആയിരുന്നില്ല. വിസി വാര്‍ത്താകുറിപ്പ് തയ്യാറാക്കുന്നതിനിടെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെ വാര്‍ത്താകുറിപ്പു പുറത്തിറക്കുകയായിരുന്നു. ഇതിലെല്ലാം വിസിക്ക് അതൃപ്തിയുണ്ട്.
വിസിയെ എല്ലാ അര്‍ത്ഥത്തിലും സിന്‍ഡിക്കേറ്റ് മറികടക്കുന്നുവെന്നാണ് പരാതി. അതേ സമയം മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നും വ്യത്യസ്തമായി വിസിക്ക് ദൈനം ദിനകാര്യങ്ങളില്‍ കെടിയുവില്‍ അധികാരം പരിമിതമാണെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ അത് ശരിയല്ലെന്ന നിലപാടിലാണ് വിസി.
അതിനിടെ കെടിയു താല്‍ക്കാലിക വിസി ഡോ.സിസ തോമസിന്റെ നിയമനം ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്ന് പരിഗണിക്കും. ഗര്‍ണറുടെ വിജ്ഞാപനം സ്റ്റേ ചെയ്ത് വിസി ചുമതല കേരളത്തിലെ മറ്റ് വിസിമാര്‍ക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയ്ക്കോ കൈമാറണമെന്നാണ് ആവശ്യം.


