സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ പുനസ്ഥാനപിച്ചു. സറണ്ടര്‍ ചെയ്യുന്ന ലീവ് തുക പിഎഫില്‍ ലയിപ്പിക്കും. ഡിസംബര്‍ 31 വരെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് ലീവ് സറണ്ടര്‍ ബാധകം.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ലീവ് ഏപ്രില്‍ മാസത്തില്‍ ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റാനാവും. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഡിസംബര്‍ 31 വരെ ഉത്തരവ് നീട്ടിയിരുന്നത്. നേരത്തെ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ലീവ് സറണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചത്.
മുന്‍വര്‍ഷങ്ങളിലെ ലീവ് സറണ്ടര്‍ തുക സര്‍ക്കാര്‍, ജീവനക്കാരുടെ പിഎഫില്‍ ലയിപ്പിക്കും. നാല് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ഇത് പിഎഫില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയും. ഒരു വര്‍ഷത്തെ മുപ്പത് അവധികളാണ് ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്യാനാവുക. ഇങ്ങിനെ ചെയ്താല്‍ അത്രയും ദിവസത്തെ വേതനം ജീവനക്കാര്‍ക്ക് പണമായി കൈപ്പറ്റാനാവും.


