കത്ത് വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന് രംഗത്ത്. താന്‍ നേരിട്ടോ അല്ലാതെയോ കത്ത് എഴുതിയിട്ടും ഒപ്പിട്ടിട്ടുമില്ലെന്ന് മേയര്‍ പറഞ്ഞു. ലെറ്റര്‍ഹെഡിന്റെ ഭാഗവും ഒപ്പ് വരുന്ന ഭാഗവും കത്തിന്റെ കോപ്പിയില്‍ അവ്യക്തമാണ്. ഈ കാലത്ത് വ്യാജക്കത്ത് നിര്‍മിക്കുക പ്രയാസമുള്ള കാര്യമല്ലെന്ന് എല്ലാവര്ക്കും അറിയാമല്ലോ. നിയമനത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. എഡിറ്റ് ചെയ്യപ്പെട്ട കോപ്പിയാണ് താന്‍ കണ്ടത്. കണ്ടന്റ് വ്യക്തമാകുന്ന രൂപത്തിലാണ് അത് എടുത്തിട്ടുള്ളത്. സര്‍ക്കാര്‍ ഇടപെടല്‍ കൂടി തേടിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
മേയറുടെ ഓഫീസിനെ ഇക്കാര്യത്തില്‍ സംശയിക്കാനാവില്ല. മേയര്‍ സെക്ഷനില്‍ ക്രമക്കേട് നടന്നതായി സംശയമില്ല. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍ കൗതുകകരമാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല. മേയറുടെ ഓഫീസോ താനോ കത്ത് നല്‍കിയിട്ടില്ല.
കത്തിന്റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫീസിനേയും തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്.
എംപ്ലോയ്മെന്റിന് നിയമങ്ങള്‍ വിട്ടത് സര്‍ക്കാരുമായി ആലോചിച്ചാണ്. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും ആലോചിച്ചെടുത്ത തീരുമാനമാണത്. സുതാര്യമായി നിയമനം നടത്തും. ഡിജിറ്റല്‍ ഒപ്പ് ഇല്ല. താന്‍ സ്ഥലത്തില്ലെങ്കില്‍ ഫയലുകള്‍ മെയില്‍ ചെയ്ത് ഒപ്പിട്ട് തിരിച്ച് മെയില്‍ ചെയ്യുന്നതാണ് പതിവ്. ഒരൊറ്റ തവണയേ അങ്ങനെ ചെയ്തിട്ടുള്ളു. കത്ത് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.