നടന് ശ്രീനാഥ് ഭാസിയെ താല്‍ക്കാലികമായി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. നിര്‍മ്മാതാക്കളുടെ സംഘടനയാണ് തീരുമാനം കൈക്കൊണ്ടത്. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
എത്ര നാളത്തേക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കും. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂര്‍ത്തിയാകാനുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ ശ്രീനാഥ് ഭാസിയെ അനുവദിക്കും. നടന് ഒരു സിനിമയ്ക്കായി കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നല്‍കാമെന്നും നടന് സമ്മതിച്ചിട്ടുണ്ട് എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
‘സെലിബ്രിറ്റികള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം പൊതു ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. അവരുടെ ഭാഗത്ത് നിന്നും ഒരു തെറ്റ് ഉണ്ടാകുമ്പോള്‍ അതിനൊരു നടപടി എടുക്കുന്നതിന്റെ ഭാഗമായി കുറച്ച് കാലത്തേയ്ക്ക് സിനിമയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു,’ യോഗത്തിന് ശേഷം നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര് രഞ്ജിത്ത് പറഞ്ഞു.
സിനിമ പ്രൊമോഷനിടെ, ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ നടന് ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകള്‍ ശേഖരിച്ചു. അഭിമുഖ സമയത്ത്, നടന് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.
എന്നാല്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി അഭിമുഖം നടത്തിയ പരാതിക്കാരിയില്‍ നിന്നുണ്ടായിട്ടില്ല. ചട്ടമ്പി എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.
സംഭവത്തില്‍ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നടനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.


