കോട്ടയം പാമ്പാടിയില്‍ തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് ഗുരുതര പരിക്ക്. പാമ്പാടി ഏഴാം മൈല്‍ സ്വദേശി നിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് ഉണ്ടായത്. നായയുടെ കടിയേറ്റ പാമ്പാടി സ്വദേശി സുമിയുടെ വിരല്‍ അറ്റുപോയി. വീട്ടില്‍ കിടന്നുറങ്ങിയ 12 വയസ്സുള്ള കുട്ടികളടക്കം ഏഴ് പേര്‍ക്കാണ് പ്രദേശത്ത് തെരുവ് നായയുടെ കടിയേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെയാണ് പാമ്പാടിയില്‍ ഒരു നായ തന്നെ ഏഴ് പേരെ ആക്രമിച്ചത്. ആക്രമണത്തില്‍ ഏഴാം മൈല്‍ സ്വദേശി നിഷക്ക് 38 മുറിവുകളാണുണ്ടായത്. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു വീട്ടമ്മയെയും നായ ആക്രമിച്ചു. നായയുടെ കടിയേറ്റ് അവരുടെ വിരല്‍ അറ്റുപോയി. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കുട്ടികളുള്‍പ്പെടെ അയല്‍ വാസികളായ നാലു പേരെക്കൂടി കടിച്ച നായ പിന്നീട് ചത്തു. പേവിഷബാധ സംശയിക്കുന്നതിനാല്‍ കടിയേറ്റവരെല്ലാം തന്നെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
തുടര്‍ച്ചയായ നായ ആക്രമണങ്ങള്‍ പ്രദേശത്തെ ആളുകളെ ഭീതിയിലാഴ്ത്തുകയാണ്. സംഭവത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധമറിയിക്കുന്നുണ്ട്.


