കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍, വെള്ളാപ്പള്ളി നടേശന് എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങളായ ഒരു വിഭാഗം എതിര്‍ത്തു. വൈസ് ചാന്‍സലറുടെ അനുവാദത്തോടെ സിന്‍ഡിക്കേറ്റ് അംഗം ഇ അബ്ദുള്‍ റഹ്മാനായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളി നടേശനും ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി ആശയ വിനിമയം നടത്തി ന്യൂജെന്‍ കോഴ്സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തി മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്. ഇരുവരുടേയും പ്രൊഫൈലുകള്‍ ഡി ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.
വൈസ് ചാന്‍സലറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങളായ ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു.
അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തീരുമാനം ഡി ലിറ്റ് നല്‍കുന്നതിനായി രൂപീകരിച്ച സബ് കമ്മിറ്റിക്ക് വിട്ടു. ഡോ വിജയരാഘവന്, ഡോ വിനോദ് കുമാര്‍, ഡോ റഷീദ് അഹമ്മദ്, എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് പ്രമേയം പരിഗണനയിലെടുക്കുക.


