കെ.എസ്.ഇ.ബി ചെയര്മാന് സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത് യൂണിയന്റെ സമ്മര്‍ദം കൊണ്ടല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബി അശോകന് മികച്ച ഉദ്യോഗസ്ഥാനാണെന്നും നല്ല പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. ബി അശോകിനെ കെ.എസ്.ഇ.ബി ചെയര്മാന് സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജലവിഭവ വകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജന് ഖോബ്രഗഡെയാണ് പുതിയ ചെയര്മാന്. അതേസമയം കൃഷി വകുപ്പ് സെക്രട്ടറിയായിട്ടാണ് അശോകിന് പുതിയ നിയമനം. ചെയര്മാന് സ്ഥാനത്തിരികെ ഉദ്യോഗസ്ഥരെയും ട്രേയ്ഡ് യൂണിയന് സംഘടനകളെയും വെല്ലുവിളിച്ചുള്ള തീരുമാനങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കെ.എസ്.ഇ.ബി. ചെയര്മാന് സ്ഥാനത്തേക്ക് ബി അശോക് വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മാറ്റം.
ഒരു വര്‍ഷത്തിനിടെ അശോക് സ്വീകരിച്ച പല നടപടികളും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരെയും ട്രേഡ് യൂണിയനുകളെയും പ്രകോപിപ്പിച്ചിരുന്നു. ജീവനക്കാരെയും തൊഴിലാളികളെയും വിശ്വാസത്തിലെടുക്കാതെയുള്ള ചെയര്‍മാന്റെ പല നടപടികളും വിവാദമായിരുന്നു.
കെ.എസ്.ഇ.ബി ആസ്ഥാന മന്ദിരത്തിന്റെ സുരക്ഷാ ചുമതല സംസ്ഥാന വ്യവസായ സേനയെ ഏല്‍പ്പിച്ചതിലും സമരം ചെയ്ത യൂണിയന് നേതാക്കളെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയതും അശോകിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്ന സാഹചര്യം വരെ ഉണ്ടായി.


