മന്ത്രി പി രാജീവിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രിയുടെ വീട്ടില്‍ വന്ന കാര്യം നാട്ടില്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുന്നു. ഇത് കോഡിനേറ്റ് ചെയ്തത് പി രാജീവെന്നും വിഡി സതീശന് നിയമസഭയില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ഐക്യവേദി നേതാവ് മന്ത്രി പി രാജീവിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നത്. ഇതിനെതിരെ പി രാജീവ് തന്നെ ഇന്നലെ രംഗത്ത് വന്നിരുന്നു. ഈ ആരോപണം തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം. ഒരു ദിവസം പോലും ഹിന്ദു ഐക്യവേദി നേതാവ് തന്റെ വീട്ടില്‍ വന്നിട്ടില്ലെന്ന് പി രാജീവ് പറഞ്ഞു.
ഇന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇന്നലെ പറഞ്ഞ അതെ ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മന്ത്രി തന്നെയാണ് ഈ വിഷയം കൂടുതല്‍ കുഴപ്പത്തിലാക്കിയതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തനിക്കെതിരെ നിയമസഭയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു രീതിയുണ്ട്, ഇതിന് നിര്‍ദേശം നല്‍കുന്നത് മന്ത്രി പി രാജീവാണെന്നും വിഡി സതീശന് പറഞ്ഞു.


