വൈപ്പിന്‍: നവീനവും വിപുലവുമായ സജ്ജീകരണങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നായരമ്പലം ആയുര്‍വ്വേദ ആശുപത്രിയുടെ ഐ.പി മന്ദിരോദ്ഘാടനം ജൂണ്‍ ആറിന് വൈകുന്നേരം നാലിന് ഫിഷറീസ് – സാംസ്കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാന് നിര്‍വ്വഹിക്കുമെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന് എം.എല്‍.എ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കിടത്തി ചികിത്സാമന്ദിരം പ്രവര്‍ത്തനം ആരംഭിക്കുന്നത്. നായരമ്പലം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
ദിവസേന മുന്നൂറോളം പേര് ചികിത്സയ്ക്കെത്തുന്ന ആതുരാലയത്തിന്റെ വികസനം മണ്ഡലത്തിലെ മുന്‍ഗണനാ പദ്ധതികളില്‍ ഒന്നാണെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന് പറഞ്ഞു. എം.എല്‍.എയായി ചുമതലയേറ്റ് ഒരുവര്‍ഷത്തിനകം സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനായതില്‍ സംതൃപ്തിയുണ്ട്. ഫിഷറീസ് വകുപ്പിന്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മണ്ഡലത്തിന്റെ ആരോഗ്യ ക്ഷേമത്തില്‍ നാഴികക്കല്ലായ പുതിയ ഐ.പി ബ്ലോക്ക് നിര്‍മ്മിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയിലുള്‍പ്പെടുത്തി 577 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ രണ്ടുനില കെട്ടിടത്തിലാണ് ഐ.പി ബ്ലോക്ക് സാക്ഷാത്കരിച്ചത്. താഴത്തെ നിലയില്‍ 20 കിടക്കകള്‍ ഇടാവുന്ന സ്ത്രീകളുടെ വാര്‍ഡ്, ഡോക്ടറുടെയും നഴ്സുമാരുടെയും മുറികള്‍, പഞ്ചകര്‍മ്മ തെറാപ്പി മുറി, സ്റ്റോര്‍, ടോയ്ലറ്റുകള് എന്നിവയുണ്ട്.
10 കിടക്കകള്‍ ഇടാവുന്ന ജനറല്‍ വാര്‍ഡ്, നാല് പേ വാര്‍ഡുകള്‍, നഴ്സുമാരുടെ മുറി, യോഗ ഏരിയ, റിസര്‍ച്ച് റൂം, ലൈബ്രറി ഹാള്‍, റാംപ് എന്നിവ ഉള്‍പ്പെടുന്നതാണ് ഐ.പി ബ്ലോക്കിന്റെ മുകള്‍ നില. ആശുപത്രിക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, മറ്റുപകരണങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. ഐ.പി ബ്ലോക്ക് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിഷ്കര്ഷിക്കപ്പെട്ട ഗുണനിലവാരം തീരദേശ വികസന കോര്പ്പറേഷന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ചടങ്ങില്‍ ഹൈബി ഈഡന് എം.പി മുഖ്യാതിഥിയാകും. മുന്‍ എം.എല്‍.എ എസ് ശര്‍മ്മയുടെ വിശിഷ്ട സാന്നിധ്യമുണ്ടാകും. തീരദേശ വികസന കോര്പ്പറേഷന് എംഡി പി.ഐ ഷെയ്ക് പരീത്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഒ.പി ജയലക്ഷ്മി എന്നിവരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും രാഷ്ട്രീയ – സഹകരണ-സാമൂഹിക സംഘടനാ നേതാക്കളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും കെ.എന്‍ ഉണ്ണിക്കൃഷ്ണന് എം.എല്‍.എ പറഞ്ഞു.
പത്രസമ്മേളനത്തില്‍ തീരദേശ വികസന കോര്പ്പറേഷന് റീജിയണല്‍ മാനേജര്‍ പ്രശാന്തന്, അസിസ്റ്റന്റ് പ്രോജക്ട് അസോസിയേറ്റ് ഹരിഗോവിന്ദ് എന്നിവരും പങ്കെടുത്തു.


