തിരുവനന്തപുരം: ബേക്കറി വഴി മദ്യം നൽകാനുള്ള ഹോർട്ടി വൈൻ വിവാദത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഫയൽ നീക്കം എങ്ങനെ ഉണ്ടായി എന്നതിൽ അന്വേഷണം ഉണ്ടാകും. എക്സൈസ് കമ്മീഷണർ ചുമതലയേറ്റ് രണ്ടു ദിവസത്തിനകം ഫയലിൽ തീരുമാനമായത് എങ്ങനെയെന്നതിൽ വ്യക്തത വരുത്തും. വകുപ്പ് മന്ത്രി അറിയാതെ ഉത്തരവിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിനെ ചുമതലയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.
അതേസമയം, യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യ നയത്തിലെ ചർച്ചകളും പുരോഗമിക്കുകയാണ്. ഷോപ്പിങ് മാളുകൾ, ബേക്കറികൾ തുടങ്ങിയവ വഴി ഹോർട്ടി വൈൻ വില്പന പുതിയ പുതിയ നയത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. ഇതിനായി അബ്കാരി നയത്തിൽ ഭേദഗതി വരുത്തുന്നതിനായി നിയമോപദേശം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. എക്സൈസ് മന്ത്രി എം ലിജുവിനും വ്യക്തിപരമായി ബേക്കറികൾ വഴി വൈൻ വില്പന നടത്തുന്നതിനോട് എതിർപ്പുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് കൊണ്ട് മാത്രം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ ആരോപണം.

