മൂവാറ്റുപുഴ: കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് താലൂക്ക് സമ്മേളനം 19ന് രാവിലെ പത്തിന് മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പെന്‍ഷന്‍കാര്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ സംബന്ധിച്ച് സമ്മേളനം ചര്‍ച്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് 25ന് സെക്രട്ടറിയേറ്റിനും കലക്ട്രേറ്റുകള്ക്കും മുന്നില്‍ നടത്തുന്ന ധര്‍ണ്ണ വിജയിപ്പിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളും സമ്മേളനത്തില്‍ ഉണ്ടാകും. നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിക്കണം എന്നാണ് ഇവരുടെ പ്രധാന ആവശ്യം. പെന്ഷന് തുകയുടെ 10% ആണ് ക്ഷാമബത്തയായി ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇത് നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പങ്കാളിത്ത പെന്ഷന് പദ്ധതിയിലൂടെ ജീവനക്കാര്‍ അടച്ച തുകയില്‍ നിന്നാണ് പെന്ഷന് അടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നത്. പൊതു ഖജനാവില്‍നിന്ന് ഇതിനായി ഒരു രൂപ പോലും ചിലവഴിക്കുന്നില്ലന്നും ഇവര്‍ പറഞ്ഞു.
നേരത്തെ അടച്ച തുകയില്‍നിന്ന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയത് അംഗീകരിക്കാനാവില്ല. 3000 മുതല്‍ 10000 രൂപ വരെ മാത്രമാണ് വിരമിച്ച സഹകരണ ജീവനക്കാര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്. ജീവിത സായാഹ്നത്തില്‍ മരുന്നു വാങ്ങുന്നതിന് പോലും ഈ തുക മതിയാകുന്നില്ല എന്ന് ഭാരവാഹികള്‍ പറഞ്ഞു. മിനിമം പെന്ഷന് 10,000 രൂപയാക്കി ഉയര്‍ത്തുക, മെഡിക്കല്‍ അലവന്‍സ് ആയിരം രൂപയായി വര്‍ദ്ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സഹകരണ പെന്ഷന്കാരയും ഉള്‍പ്പെടുത്തുക, സഹകരണ പെന്ഷന് ബോര്‍ഡില്‍ സംഘടനയുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സഹകരണ പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
രാവിലെ പത്തിന് ആരംഭിക്കുന്ന സമ്മേളനം മാത്യു കുഴല്നാടന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ഡേവിഡ് ചെറിയാന് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ജോസ്, മുന്‍ എം.എല്‍.എ. ബാബുപോള്‍, മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ്, മുന്‍ ചെയര്മാന് യു.ആര്. ബാബു, സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികളായ വി.എ. കുഞ്ഞ്മൈതീന്, കെ.ജെ. ജോര്‍ജ്, പി.വി. മുഹമ്മദാലി, എ.വി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വിവിധ മേഖലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ വരെയും റാങ്ക് ജേതാക്കളേയും സമ്മേളനത്തില്‍ ആദരിക്കും. തുടര്‍ന്ന് പെന്ഷന് ജീവിതവും പെന്ഷന് സംഘടനയുടെ അനിവാര്യതയും എന്ന വിഷയത്തില്‍ സഹകരണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ എം.ഡി. രഘു ക്ലാസ് നിയക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സിലംഗം വി.എ. കുഞ്ഞുമൈതീന്‍, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോര്‍ജ്, താലൂക്ക് പ്രസിഡന്റ് ഡേവിഡ് ചെറിയാന്, ജോയിന്റ് സെക്രട്ടറി മര്‍ക്കോസ് ഉലഹന്നാന് എന്നിവര്‍ സംബന്ധിച്ചു.


