സില്‍വര്‍ ലൈന്‍ സര്‍വേ പ്രതിഷേധക്കാര്‍ക്ക് എതിരെ കോട്ടയം ചങ്ങാനാശ്ശേരിയില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നിയമ സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ അല്പസമയം തടസപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
പൊലീസ് നരനായാട്ടാണ് ചങ്ങനാശ്ശേരിയില്‍ അരങ്ങേറിയത് എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയത്. സഭ ബഹികരിച്ചതിന് പിന്നാലെ യുഡിഎഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക് പോവുകയാണ് എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ അറിയിച്ചു.
ചങ്ങനാശ്ശേരി മാടപ്പള്ളിയിലായിരുന്നു പ്രതിഷേധക്കാര്‍ക്ക് എതിരെ ഇന്നലെ ഉച്ചയോടെ പോലീസ് നടപടി ഉണ്ടായത്. വിഷയം നിയമസഭയില്‍ ഉന്നയിച്ചതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സഭയില്‍ വാക്കേറ്റം ഉണ്ടായി. സ്ത്രീ വിരുദ്ധ സമീപനമാണ് സര്‍ക്കാരിന്റേത് എന്ന് കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷ നേതാവ് സര്‍ക്കാറിനെ കടന്നാക്രമിച്ചത്. പോലീസിനെ ആയുധമാക്കി സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സില്‍വര്‍ സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞു.
മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അപ്പര്‍ ക്ലാസ് ജനങ്ങളുമായി മാത്രമാണ് മുഖ്യമന്ത്രി സംസാരിക്കുന്നു. മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണ് ഇല്ലാതായി മാറിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.


