ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 14 ബ്ലോക്കുകളിലായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച 14 തൊഴിലാളികളെയാണ് ആദരിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിലും മുന്‍ സാമ്പത്തിക വര്‍ഷത്തിലും തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയവരും, തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള ക്യാമ്പയിന് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേതൃസ്ഥാനം വഹിക്കുന്നവരുമാണിവര്‍.
സ്ത്രീ സുരക്ഷാ നിയമങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ സൈക്കോ – സോഷ്യല്‍ കൗണ്‍സിലര്‍ വി.കെ സന്ധ്യ ക്ലാസ് നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസി അലക്സ്, ഷാരോണ്‍ പനക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


