അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര് പ്രഭുദാസിനെ സ്ഥലം മാറ്റി. ആരോഗ്യ മന്ത്രിക്കെതിരായ പ്രതികരണത്തിന് പിന്നാലെയാണ് നടപടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആയാണ് മാറ്റം.
പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ കൊട്ടത്തറ ആശുപത്രി സൂപ്രണ്ടാകും. ഭരണ സൗകര്യാര്‍ത്ഥമാണ് നടപടിയെന്ന് ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ്. ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് നടപടിക്ക് ആധാരം. മന്ത്രിയുടെ സന്ദര്‍ശന ദിവസം തന്നെ മാറ്റി നിര്‍ത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുമ്പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാണ് ആരോഗ്യ മന്ത്രിക്കെന്നും ഡോ. ആര് പ്രഭുദാസ് പരസ്യമായി ആരോപിച്ചിരുന്നു. തുടര്‍ന്ന് വകുപ്പിനെതിരായും കോട്ടത്തറ ആശുപത്രി ജീവനക്കാര്‍ക്കെതിരെയും വാര്‍ത്തകള്‍ അട്ടപ്പാടിയില്‍ നിന്ന് പുറത്ത് വന്നതും പ്രഭുദാസിനെതിരെയുള്ള നടപടിക്ക് കാരണമായതായാണ് വിവരം.
തന്റെ ഭാഗം കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ. ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നത്. കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാന്‍ വിശദീകരിക്കേണ്ടത് ഞാന്‍ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രി സന്ദര്‍ശിച്ചത്.
അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര് ഹൈറിസ്ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാന്‍ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.


