കണ്ണൂര്‍: പുതിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന്, പൊരുതുന്ന യുവജന പ്രസ്ഥാനം എഐവൈഎഫിന്റെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. കണ്ണൂരില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തില്‍ സംഘടനയുടെ പുതിയ നേതൃനിരയെയും തരഞ്ഞെടുത്തു. എന്‍ അരുണിനെ പ്രസിഡന്റായും ടി ടി ജിസ്മോനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാന്, അഡ്വ. വിനിത വിന്‍സന്റ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഡ്വ. ശുഭേഷ് സുധാകര്‍, അഡ്വ. കെ കെ സമദ്, അഡ്വ. ആര് ജയന്, എസ് വിനോദ് കുമാര്‍ എന്നിവരെ ജോ. സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു. ആര് എസ് ജയന്, അഡ്വ. വി എസ് അഭിലാഷ്, കെ ആര് റെനീഷ്, ശ്രീജിത്ത് മുടുപ്പിലായി, കെ വി രജീഷ്, ലെനി സ്റ്റാന്‍ലി, ശ്രീജിത്ത് എം, ജെ അരുണ്‍ ബാബു, പി കബീര്‍ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
പോലീസ് സേനയിലെ ചിലര്‍ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സത്യസന്ധമായി സേവനം നടത്തുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്ള സേനയാണ് കേരള പോലീസ്. മാതൃകാപരമായ കുറ്റാന്വേഷണവും കേരള പോലീസ് നടത്താറുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച് ഇടത് സര്‍ക്കാരിനെതിരെ പൊതുജനവികാരം ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ പോലീസ് സേനയിലെ ചിലര്‍ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളില്‍ നിന്നും സംശയം ഉണരുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പല ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന സംഭവങ്ങളുമുണ്ടായി. പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ദുഷ്പ്രവണതകളും മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായ ക്രിയാത്മകമായ നടപടികള്‍ എടുക്കണമെന്നും എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, മതതീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തുക, കേരളത്തില്‍ എയിംസ് അനുവദിക്കുക, പിഡബ്ല്യുഡി റോഡുകളില്‍ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക, മരുന്ന് വിപണന മേഖലയില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയ്ക്കും ചൂഷണത്തിനെതിരെ നിയമ നിര്‍മാണം നടത്തുക, ലക്ഷദ്വീപ് കേരളത്തോട് ചേര്‍ക്കണം, അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം, സെക്രട്ടറിയേറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം, ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന കൂട്ട പിരിച്ചുവിടല്‍ അവസാനിപ്പിക്കണം, സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃത രൂപം നല്കാന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണം, കേരളത്തിലെ എല്ലാ സ്കൂളുകളിലും മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കണം, എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.


