രാജ്യത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് മികവു നോക്കി ശമ്പളം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ അഥവാ എന്‍സിടിഇ ആരംഭിച്ചു. ഇതിനായി നാഷണല്‍ പ്രഫഷണല്‍ സ്റ്റാന്‍ഡേഡ് ഫോര്‍ ടീച്ചേഴ്സ് എന്ന മാര്‍ഗരേഖയുടെ കരട് എന്‍സിടിഇ തയാറാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് കരടുനയം തയ്യാറാക്കിയിരിക്കുന്നത്. കരടു നയത്തിന്റെ അടിസ്ഥാനത്തില്‍ അപ്രൈസല്‍ സംവിധാനത്തിലൂടെ രാജ്യത്തെ സ്കൂള്‍ അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തി മാര്‍ക്കിടുന്ന രീതി യാഥാര്‍ത്ഥ്യമാകും.
നിലവില്‍ സ്കൂള്‍ അധ്യാപകരുടെ ശമ്പളവര്‍ധനയും സ്ഥാനക്കയറ്റവും സേവന കാലാവധിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. എന്നാല്‍ ഇതിനായുള്ള മാനദണ്ഡം സേവന കാലാവധി മാത്രമാകരുതെന്നും മറ്റു പുതിയ മാനദണ്ഡങ്ങള്‍ കൂടി സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്നുമാണു കരടു മാര്‍ഗ രേഖയിലെ പ്രധാന ശുപാര്‍ശ. പല സംസ്ഥാനങ്ങളിലെയും അധ്യാപകര്‍ക്കു പ്രധാനാധ്യാപകര്‍ ആകുമ്പോഴല്ലാതെ അവരുടെ ഔദ്യോഗിക ജീവിതത്തില്‍ വളര്ച്ചയില്ലെന്നുള്ള യാഥാര്‍ത്ഥ്യവും മറ്റു പല അധ്യാപകരും അക്കാദമിക മികവു പുലര്‍ത്തുന്നില്ലെന്നുമുള്ള വിലയിരുത്തലുകളുമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എന്‍സിടിഇയെ നയിച്ചത്.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മികവാര്‍ന്ന ബോര്‍ഡ് എന്നറിയപ്പെടുന്ന സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ ബോര്‍ഡുകളിലും ഈ രീതി നടപ്പിലാകും. അപ്രൈസല്‍ സംവിധാനം നടപ്പിലായാല്‍ ഒരു അധ്യപകന്റെ ഔദ്യോഗിക ജീവിതം നാലു ഘട്ടങ്ങളായി മാറും. ബിഗിനര്‍, പ്രിഫിഷ്യന്റ്, എക്സ്പര്‍ട്ട്, ലീഡ് എന്നിങ്ങനെയാണവ. ഒരു അധ്യാപകന് ആദ്യമായി അധ്യാപകന ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ബിഗിനര്‍ ആയാകും എത്തുന്നത്. പിന്നീട് ഓരോ വര്‍ഷവുമുള്ള പ്രവര്‍ത്തന വിലയിരുത്തലിന്റെയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തിനുശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് ആ അധ്യപാകന്‍/ അധ്യാപികയ്ക്ക് അപേക്ഷിക്കാം. പ്രൊഫിഷ്യന്റ് തലത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം ആ വ്യക്തിക്ക് എക്സ്പര്‍ട്ട് തലത്തിലേക്ക് അപേക്ഷിക്കാനാകും. അതേസമയം എക്സ്പര്‍ട്ട് തലത്തില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെങ്കില്‍ മാത്രമേ ലീഡ് ടീച്ചറായി ഔദ്യോഗിക ജീവിതത്തില്‍ പരിണിക്കപ്പെടുകയുള്ളു.
ഓരോ പത്തു വര്‍ഷം കൂടുമ്പോഴും പ്രഫഷണല്‍ നിലവാര മാനദണ്ഡങ്ങള്‍ വിലയിരുത്തി പരിഷ്കരിക്കണമെന്നാണ് നിര്‍ദ്ദേശം. നിലവിലുള്ളവ 2030 ല്‍ വീണ്ടും പരിഗണിക്കും. പ്രവര്‍ത്തന വിലയിരുത്തലിനും ഉന്നത തലത്തിലേക്കു മാറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതി എന്‍സിടിഇ ആയിരിക്കും. ഇതിന് ഓണ്‍ലൈന്‍ ഓഫ്ലൈന് മാര്‍ഗങ്ങള്‍ ആവിഷ്കരിക്കും. എല്ലാ വര്‍ഷവും 50 മണിക്കൂറെങ്കിലും തുടര്‍പരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്നുള്ള പ്രത്യേക നിര്‍ദ്ദേശവുമുണ്ട്. ഇതിനായുള്ള പരിശീലന പദ്ധതികളും പരിശീലന കേന്ദ്രങ്ങളും തയ്യാറാക്കുന്നത് എന്സിടിഇയായിരിക്കും.
ഡിസംബര്‍ 16 വരെ കരടു മാര്‍ഗരേഖയില്‍ പൊതുജനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും എന്‍സിടിഇ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ncte.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.


