പുനഃസംഘടനയെ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്. കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടം പൂവാറില്‍ താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. പുനഃസംഘടനയില്‍ എതിര്‍പ്പ് അറിയിച്ച് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു.
രമേശ് ചെന്നിത്തല കത്ത് മുഖേനയും എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഗ്രുപ്പ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
സംഘടനാ പ്രശ്നങ്ങള്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു. പുനസംഘടനയുമായി മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനത്തെ നേതാക്കളെക്കൂടി മുഖവലക്കെടുത്തു കൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്ന തീരുമാനമാണ് കെപിസിസി നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.
ഈ അവസരത്തിലാണ് താരിഖ് അന്‍വറിന്റെ വരവ് പ്രസക്തമാകുന്നത്. ഇന്നലെ രാത്രിയോട് കൂടി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഗ്രൂപ്പുകളുടെ തര്‍ക്കം പരിഹരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇടപെടലുണ്ടാകും.


