ഇരിങ്ങാലക്കുട:വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് നല്കി വരുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമയ ബന്ധിതമായി ഗുണഭോക്താകളില്‍ എത്തുന്നില്ലെന്ന് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് സ്റ്റേറ്റ് കോഡിനേറ്റര്‍ മുജീബ് റഹ്മാന് പറഞ്ഞു. സെറിബ്രല്‍ പാള്‍സി ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ‘ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട നിയമ പരിരക്ഷയും സര്‍ക്കാര്‍ പദ്ധതികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്ക് 1600 രൂപ പ്രതിമാസ പെന്ഷന് പദ്ധതി, കാഴ്ചയില്ലാത്ത സ്ത്രീകള്‍ പ്രസവിച്ചാല്‍ കുട്ടിക്ക് 2 വയസു വരെ 2000 രൂപ ധനസഹായം, നിരാമയ സഹായ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം, ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷിക്കാരുടെ മക്കള്‍ക്കും വരുമാന പരിധിയില്ലാത്ത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി സഹായ പദ്ധതികള്‍ ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്.
ഇത് മുഴുവന്‍ പേര്‍ക്കും ഉപയോഗപ്പെടുത്താന്‍ സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന സെറിബ്രല്‍ പാള്‍സി ദിനാചരണത്തില്‍ നിപ്മര്‍ അക്കാഡമിക് ഓഫീസര്‍ ഡോ: വിജയലക്ഷ്മിയമ്മ അധ്യക്ഷത വഹിച്ചു.
സീനിയര്‍ ഫിസിയാട്രിസ്റ്റ് ഡോ: എം.ആര്. സന്തോഷ് ബാബു, ഒ ക്യൂപേഷണല്‍ തെറാപി കോളെജ് പ്രിന്‍സിപ്പല്‍ ദീപ സുന്ദരേശന്, ഫിസിയാട്രിസ്റ്റ് ഡോ: സിന്ധു വിജയകുമാര്‍, ഡെവലപ്മെന്റ് പീഡിയാട്രിക് ഡോ: നിമ്മി ജോസഫ്, ആര്‍എംഒ ബെബറ്റോ തിമോത്തി, ഡിഎഡ് ഓട്ടിസം കോഡിനേറ്റര്‍ റീജ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സ്പെഷ്യല്‍ ട്രാന്സിഷന് സ്കൂള്‍ എഡ്യൂക്കേറ്റര്‍ ഇന്‍ ചാര്‍ജ് അനു അഗസ്റ്റിന് സ്വാഗതവും എലിസബത്ത് ഷേളി നന്ദിയും ആശംസിച്ചു.


