ഈജിപ്ത്: സുരക്ഷാ പരിശോധനക്കിടെ ഈജിപ്ത് പൊലീസ് 40 ഭീകരരെ വധിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം. ഗിസയിലും വടക്കന്‍ സിനയിലും ഇന്ന് പുലര്‍ച്ചെ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഭീകരരെ വധിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. നേരത്തെ ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിനോദ സഞ്ചാരം മുഖ്യവരുമാനമാര്‍ഗ്ഗങ്ങളിലൊന്നായ ഈജിപ്തില്‍ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ഭരണകൂടം വലിയ പ്രാധാന്യത്തോടെയാണ് കണ്ടത്. സ്ഫോടനത്തില്‍ വിയറ്റ്നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്.
വിയറ്റ്നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പൊട്ടിത്തെറിയുണ്ടായത്. റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു ബസ് കടന്നുപോയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. ഈജിപ്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ബോംബ് നിര്‍മ്മാണ വസ്തുക്കളും ആയുധങ്ങളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. ജനുവരി ഏഴിന് ഈജിപ്തിലെ ക്രൈസ്തവ വിശ്വാസികള്‍ ഓര്‍ത്തൊഡോക്സ് ക്രിസ്മസ് ആഘോഷിക്കാനിരിക്കെ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയിരുന്നു.

