വാഷിങ്ടൺ: നാല് ദിവസംകൊണ്ട് തീർക്കുമെന്ന അവകാശവാദവുമായി ഇസ്രായേലുമായി ചേർന്ന് ഇറാനിൽ സംയുക്താക്രമണം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഊരാക്കുടുക്കിൽ. ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോൾ ട്രംപും ഇസ്രായേലും ലോകത്തിന് മുന്നിൽ ഒറ്റപ്പെടുന്നതാണ് കാണുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും കടുത്ത പ്രതിസന്ധിയാണ് ട്രംപ് നേരിടുന്നത്. ആഗോള ഊർജ്ജ വില കുതിച്ചുയരുകയും ജനസമ്മതി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒന്നുകിൽ പോരായ്മകളുള്ള ഒരു കരാറിലേർപ്പെട്ട് യുദ്ധത്തിൽ നിന്ന് പിന്മാറുക, അല്ലെങ്കിൽ സൈനിക നടപടി ശക്തമാക്കി തന്റെ പ്രസിഡന്റ് പദവി തന്നെ അപകടത്തിലായേക്കാവുന്ന ദീർഘകാല പോരാട്ടത്തിലേക്ക് നീങ്ങുക എന്ന രണ്ട് വഴികളാണ് ട്രംപിന് മുന്നിലുള്ളത്.
യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങൾക്കിടയിലും മധ്യേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാൻ ട്രംപ് ഭരണകൂടം പാടുപെടുകയാണ്. ഗൾഫ് മേഖലയിലെ എണ്ണ-വാതക നീക്കങ്ങൾ ഇറാൻ തടസപ്പെടുത്തുന്നതും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്. ആഗോള ഇന്ധന പ്രതിസന്ധിക്ക് കാരണം ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത എടുത്തുചാട്ടമാണെന്ന വിമർശനം ലോക രാഷ്ട്രങ്ങൾക്കുണ്ട്. ഇറാനെതിരായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും യുഎസുമായി സഹകരിക്കില്ലെന്നും യുകെ, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നാറ്റോ രാജ്യങ്ങളും യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ ട്രംപ് നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ. വിട്ടുവീഴ്ച ചെയ്തുള്ള ഒരു ചർച്ചക്കുമില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.


