ലണ്ടൻ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്തു മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് യുകെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി അടുത്ത മാസം 26ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. അതുവരെ നീരവ് ജയിലില്‍ കഴിയണം. രണ്ടാം തവണയാണ് നീരവിന് ഇതേ കോടതി ജാമ്യം നിഷേധിക്കുന്നത്.

നേരത്തെ നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൗണ്‍ പ്രോസിക്യൂഷന് വാദിച്ചിരുന്നു. കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുണ്ട്. ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാം. ജാമ്യത്തിൽ ഇറങ്ങിയാൽ നീരവ് ബ്രിട്ടന് വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ നിന്ന് സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പ്രോസിക്യൂഷനെ സഹായിക്കാനായി എത്തിയിരുന്നു.


