യെമന്‍: യമനില്‍ രാഷ്ട്രീയ പരിഹാര ചര്‍ച്ചക്ക് മുന്നോടിയായി ഇരു വിഭാഗങ്ങളുമായും യു.എന്‍ നിരീക്ഷകന് കൂടിക്കാഴ്ച നടത്തി. ഹുദൈദ തുറമുഖം യു.എന്‍ കമ്മിറ്റിക്ക് വിട്ടു നല്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
യമനില്‍ രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ അടുത്ത മാസമാണ് തുടങ്ങുക. ഇതിനു മുന്നോടിയായാണ് ഹുദൈദയില്‍ വെടിനിര്‍ത്തല്‍. ഇത് നിരീക്ഷിക്കാനെത്തിയ യു.എന്‍ നിരീക്ഷകന് പാട്രിക് കാമത് തുറമുഖം സന്ദര്‍ശിച്ചു. ഇവിടം നിയന്ത്രിക്കുന്ന ഹൂതികളുമായും ചര്‍ച്ച നടത്തി. പിന്നീട് സര്‍ക്കാരുമായും ഹൂതികളുമായും ഒന്നിച്ചും ചര്‍ച്ച നടത്തി. കരാര്‍ ഇരു കൂട്ടരും പാലിക്കണമെന്ന് യു.എന്‍ അഭ്യര്‍ഥിച്ചു.
ഇറാന് പിന്തുണയുള്ള ഹൂതികളും, സൌദി സഖ്യേസനാ പിന്തുണയുള്ള സര്‍ക്കാരും തമ്മില്‍ രാഷ്ട്രീയ പരിഹാര ചര്‍ച്ചക്കും സ്വീഡനിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിടെ വെച്ചാകും ചര്‍ച്ച എന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. സന്‍ആ ഉള്‍പ്പെടെയുള്ള ഇതര ഹൂതി മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്. വെടിനിര്‍ത്തല്‍ ബാധകമായ ഹുദൈദയില്‍ സ്ഥിതിഗതികള്‍ നിലവില്‍ ശാന്തമാണ്.


