റിയാദ്: സൗദിയില്‍ മുഖം മറച്ച് ജോലിക്കെത്തുന്ന സ്ത്രീകളെ അതിന് അനുവദിക്കാതിരുന്നാല്‍ അത്തരം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ മനുഷ്യാവകാകാശ സംരക്ഷണ സമിതി. മുഖം മറയ്ക്കുന്നതിനാല്‍ ചില കമ്പനികള്‍ സ്ത്രീകളെ ജോലിയില്‍ നിയമിക്കുന്നില്ല എന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് എന്ന് ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്മാന് മുഫ് ലീഹ് അല്‍ ഖഹ്ത്താനി അറിയിച്ചു.
ഇത്തരത്തിലുള്ള നടപടികള്‍ കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ വ്യക്തമായ വിവേചനമുണ്ട് എന്നതിന് സൂചനയാണ്. ബന്ധപ്പെട്ട അധികാരികള്‍ വേണം ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍. ഇത്തരം പ്രശ്നങ്ങള്‍ ഏതെങ്കിലും വനിതാ ജീവനക്കാര്‍ക്കു നേരെ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അത്തരം കമ്പനികളെ കുറിച്ച് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് നടപടിക്കായി കൈമാറുമെന്ന് അല്‍ ഖഹ്ത്താനി മുന്നറിയിപ്പ് നല്കി. വസ്ത്രധാരണത്തിന്റെയോ ബാഹ്യ രൂപത്തിന്റെയോ അടിസ്ഥാനത്തിലല്ല ഒരു വ്യക്തിക്ക് ജോലി നല്‍കേണ്ടത്. അവരുടെ കഴിവും യോഗ്യതയും കണക്കിലെടുത്താണെന്നും അല്‍ ഖഹ്ത്താനി കൂട്ടിച്ചേര്‍ത്തു.


