കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം. രണ്ടു മാസത്തിനുള്ളില്‍ സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. വിദേശികളുടെ ലൈസന്‍സ് വിതരണം തല്ക്കാലം നിലവിലെ രീതിയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സിവില്‍ ഐ.ഡി കാര്‍ഡ് വിതരണത്തിന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോരിറ്റി നടപ്പാക്കിയ സംവിധാനത്തിന് സമാനമായാകും ഓണ്‍ലൈന്‍ വഴിയുള്ള ലൈസന്‍സ് വിതരണം. സെല്‍ഫ് സര്‍വിസ് കിയോസ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് നിലവില്‍ വരുന്നത്. ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് വിന്‍ഡോ ഏര്‍പ്പെടുത്തും.

