യുഎസ് ടെന്നീസ് താരം സെറീന വില്യംസിനെ ചിത്രീകരിച്ച വിവാദ കാര്‍ട്ടൂണില്‍ വംശീയതയില്ലെന്ന് ഓസ്ട്രേലിയന്‍ മാധ്യമ നിരീക്ഷണ സമിതി. ഓസ്ട്രേലിയന്‍ പത്രമായ ഹെറാള്‍ഡ് സണ്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വംശീയതയും ലിംഗവിവേചനവുമാണ് വരച്ചുകാണിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ലോക വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. സെറീന വില്യംസിന് പിഴ ചുമത്തിയതിന് പിന്നാലെയായിരുന്നു കാര്‍ട്ടൂണ്‍.

മാര്‍ക്ക് നൈറ്റ് വരച്ച കാര്‍ട്ടൂണില്‍ വലിയ തടിച്ച ചുണ്ടുകളുള്ള സെറീന റാക്കറ്റിന് മുകളില്‍ കയറി നിന്ന് ചാടുന്നതായാണ് ചിത്രീകരിച്ചത്. യുഎസ് ഓപ്പണ്‍ ഫൈനലിനിടെ മാച്ച് റഫറി റാമോസ് ജാപ്പനീസ് താരം നവോമി ഒസാകയോട് സംസാരിക്കുന്നതും കാര്‍ട്ടൂണിലുണ്ട്. ‘അവരെ ജയിക്കാന്‍ അനുവദിച്ചുകൂടേയെന്ന്’ റഫറി സഹികെട്ട് അഭ്യര്‍ത്ഥന നടത്തുന്നതായാണ് മാര്‍ക്ക് നൈറ്റ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.
കാര്‍ട്ടൂണ്‍ വിവാദമായതിന് പിന്നാലെ ഓസ്ട്രേലിയന്‍ പ്രസ് കൗണ്‍സിലിലേക്ക് മാര്‍ക്ക് നൈറ്റിന്റെ കാര്‍ട്ടൂണിനെതിരെ നിരവധി പരാതികളാണ് എത്തിയത്. സെറീനയെ വികൃതമായി ചിത്രീകരിച്ചതിലൂടെ ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയോടുള്ള വംശീയതയും വിദ്വേഷവും സ്ത്രീത്വത്തെ അപമാനിക്കലുമാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്തതെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്‍ട്ടൂണ്‍ മീഡിയ എത്തിക്സിനോ ആദര്‍ശങ്ങള്‍ക്കോ വിരുദ്ധമല്ലെന്നാണ് നിരീക്ഷണ സമിതി വിലയിരുത്തിയിരിക്കുന്നത്. ആരോപിക്കപ്പെട്ട പരാതികളോ വിദ്വേഷമോ കാര്ട്ടൂണിലില്ലെന്നും സമിതി പറയുന്നു.


