ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന് ഏഴ് വര്‍ഷം തടവ്. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. 25 ലക്ഷം ഡോളര്‍ പിഴയും ഒടുക്കണം.
പ്രധാനമായും മൂന്ന് കേസുകളാണ് നവാസ് ശെരീഫിനും കുടുംബത്തിനും എതിരെ ഉണ്ടായിരുന്നത്. ലണ്ടനില്‍ ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസ്, അല്‍ അസീസിയ മില്‍സ് കേസ്, ഫ്ലാഗ് ഷിപ്പ് നിക്ഷേപവുമായി ബന്ധപ്പെട്ട കേസ് എന്നിവയാണവ. ഫ്ലാറ്റ് കേസില്‍ ശെരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേ കേസില്‍ മകള്‍ക്ക് ഏഴ് വര്‍ഷവും മരുമകന് ഒരു വര്‍ഷവും തടവ് വിധിച്ചു.
പിന്നീട് നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോയിലേക്ക് മറ്റ് രണ്ട് കേസുകളുടെ അന്വേഷണം കൈമാറി. ആറ് മാസത്തെ സമയമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നല്‍കിയത്. തുടര്‍ന്ന് അല്‍ അസീസിയ മില്‍സ് കേസില്‍ ശെരീഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫ്ലാഗ് ഷിപ്പ് കേസില്‍ വെറുതെവിട്ടു.


