ലണ്ടന്‍: ബ്രക്സിറ്റ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി പാർട്ടി) നേതൃസ്ഥാനം ജൂൺ ഏഴിന് ഒഴിയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പാർട്ടി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുംവരെ മേ നേതൃസ്ഥാനത്ത് തുടരും.
2016ൽ ബ്രിട്ടീഷ് ജനത തീരുമാനിച്ച ബ്രക്സിറ്റ് നടപ്പിലാക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്തെന്നും ഇതിനു സാധിക്കാത്തതിനാലാണ് സ്ഥാമൊഴിയുന്നതെന്നും ഔദ്യോഗിക വസതിയായ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിക്കു മുന്നിൽ നടത്തിയ വികാരപരമായ പ്രസ്താവനയിൽ അവർ വ്യക്തമാക്കി. ബ്രക്സിറ്റ് നടപ്പാക്കാനാകാത്തത് തികച്ചും നിരാശാജനകമായ കാര്യമാണെന്നും അവർ വിവരിച്ചു. പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാൽപര്യത്തിന് അനുശ്രുതമായി ബ്രക്സിറ്റ് നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേയ് പറഞ്ഞു.
രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മല്‍സരം തുടങ്ങും. തെരേസാ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികള്‍ അടുത്താഴ്ച ആരംഭിക്കുമെന്നു തെരേസാ മേ പറഞ്ഞു. നിരവധി ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന നടപടിയാണിത്.


