ദില്ലി: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇന്ത്യൻ ഹൈക്കമ്മീഷൻ ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ചത്. ശ്രീലങ്കൻ പൗരത്വമുള്ള മലയാളി പി എസ് റസീനയും സ്ഫോടനത്തിൽ മരിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ശ്രീലങ്കയെ ഞെട്ടിച്ച് സ്ഫോടന പരമ്പരയാണ് അരങ്ങേറിയത്. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ സ്ഫോടനത്തിൽ മലയാളി ഉള്‍പ്പടെ 207 പേര് കൊല്ലപ്പെട്ടു. 450ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി പി എസ് റസീന (61) ആണ് മരിച്ചത്. ദുബായില്‍ സ്ഥിര താമസമാക്കിയ പി എസ് റസീന ബന്ധുക്കളെ കാണാൻ വേണ്ടിയാണ് ശ്രീലങ്കയിലെത്തിയത്.
പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്റിനെ അനുശോചനം അറിയിച്ചു.
ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ

