മസ്ക്കറ്റ്: ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന് മുന്നോടിയായി ഈ ആഴ്ചയിൽ മാത്രം നാലായിരത്തോളം സ്വദേശികളെയാണ് അഭിമുഖ പരീക്ഷയ്ക്കായി മാനവ വിഭവ ശേഷി മന്ത്രാലയം ക്ഷണിച്ചിരിക്കുന്നത്.
സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോട് കൂടി രാജ്യത്തെ 58 സ്വകാര്യ കമ്പനികളാണ് അഭിമുഖങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള 358 ഒഴിവുകളിലേക്ക് 3,876 അപേക്ഷകർ ആണ് ഉള്ളത്. രാജ്യത്തിന്റെ ആറു ഗവർണറേറ്റുകളിൽ നടന്നു വരുന്ന അഭിമുഖങ്ങൾ ബുധനാഴ്ച അവസാനിക്കും. വിദേശ സർവ്വകലാശാലകളിൽ നിന്നും പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും ശരാശരി എല്ലാ വർഷവും ഏകദേശം മുപ്പതിനായിരത്തോളം സ്വദേശി യുവതി യുവാക്കൾ ആണ് വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിൽ വിപണിയെ ആശ്രയിക്കുന്നത്.

