ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം. വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, ദുബായ് എയർഷോയിൽ കാഴ്ചക്കാർക്കായി തുറന്നിരുന്ന തേജസ് യുദ്ധവിമാനത്തിന്റെ പ്രദർശനം നിർത്തിവെച്ചു.അഭ്യാസ പ്രകടനം നടത്തിയ വിമാനത്തിന് പുറമെ കാഴ്ചക്കാർക്കായി ഗ്രൗണ്ടിൽ മറ്റൊരു വിമാനം കൂടി ഉണ്ടായിരുന്നു. ഇതിന്റെ പ്രദര്‍ശനമാണ് നിര്‍ത്തിവെച്ചത്. അപകടത്തെതുടര്‍ന്ന് എയര്‍ഷോയും നിര്‍ത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലൊക്കെ എയര്‍ഷോയുടെ ഭാഗമായി തേജസിന്റെ വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടായിരുന്നു. ദുബായ് സര്‍ക്കാരും അപകടം സ്ഥിരീകരിച്ചു. ദുബായ് പൊലീസാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ദുബായിലെ ഉദ്യോഗസ്ഥര്‍ നൽകുന്ന അനൗദ്യോഗിക വിവരം.


