അനധികൃതമായി അമേരിക്കയില്‍ കടന്നതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ലോകത്തുടനീളമുള്ള അഭയാര്‍ത്ഥികളില്‍ 52 പേര് ഇന്ത്യാക്കാര്‍. മക്കളില്‍ നിന്നും ഭാര്യയില്‍ നിന്നും വേര്‍പെട്ട് ഒറിഗോണിലെ ഫെഡറല്‍ ജയലില്‍ ഇവര്‍ ഒറ്റപ്പെട്ട് ദുരിത ജീവിതം നയിക്കുകയാണെന്നും റിപ്പോര്‍ട്ട്. 123 കുടിയേറ്റക്കാരെയാണ് ഒറിഗോണിലെ ജയിലിലേക്ക് കഴിഞ്ഞ മാസം മാറ്റിയത്. ഇവരില്‍ സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസികളുണ്ടെന്നും മതവിദ്വേഷത്തെ തുടര്‍ന്ന് ഓടിപ്പോന്നവരാണെന്നും പറഞ്ഞതായി ഒറീഗോണിയന് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.യാംഹില് കൗണ്ടിയിലെ ഷെറിഡോണ് ഫെഡറല്‍ ജയിലിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത്. ഇവരില്‍ 13 നേപ്പാളികളും രണ്ട് ബംഗ്ളാദേശുകാരുമുണ്ട്. ബാക്കിയുള്ളവര്‍ മെക്സിക്കോ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
മൃഗീയമായ സാഹചര്യത്തിലാണ് ഇവര്‍ ജീവിക്കുന്നത്. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും വേര്‍പെട്ട് മണിക്കൂറുകളോളം സ്വന്തം സെല്ലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇവരില്‍ മിക്കവര്‍ക്കും ഹിന്ദിയോ പഞ്ചാബിയോ മാത്രമാണ് അറിയാവുന്ന ഭാഷ. പരിഭാഷകരെയോ നിയമസഹായമോ പോലും ഇവര്‍ക്ക് നല്‍കുന്നില്ലെന്ന് ഒറിഗോണിലെ സാമൂഹ്യനീതി സംഘടനയായ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ നെറ്റ്വര്‍ക്കാണ് പറയുന്നത്. ഒരു സെല്ലില്‍ മൂന്ന് പേര് പ്രകാരമാണ് കിടക്കുന്നത്. ഇവര്‍ക്ക് അഭിഭാഷകരുമായി സംസാരിക്കാന്‍ പോലും പ്രയാസമാണ്. ഭാര്യയും മക്കളും എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ല. തങ്ങളെ രാജ്യത്തു നിന്നും പുറത്താക്കുമോയെന്നും ഭാര്യയേയും മക്കളേയും എന്നെന്നേക്കുമായി നഷ്ടമാകുമോയെന്നും പലരും ഭയക്കുന്നു.
എല്ലാത്തരത്തിലുമുള്ള ചൂഷണത്തിന് അനുവദിക്കുന്ന രീതിയില്‍ ഇവരെ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ സഹായത്തിനായും പരിഭാഷകരെ സഹായത്തിന് വെയ്ക്കുന്നതിനുമായി സംഘടന ധനസമാഹരണ യജ്ഞത്തിലാണ്്. അനധികൃത കുടിയേറ്റം നിഷേധിക്കുന്ന രീതിയിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പുതിയ നയം പക്ഷേ വ്യാപക വിമര്‍ശനം വിളിച്ചു വരുത്തുകയാണ്. കഴിഞ്ഞ രണ്ടു മാസം കൊണ്ട് മെക്സിക്കന്‍ കുടിയേക്കാരായ മാതാപിതാക്കളെ ജയിലില്‍ ഇട്ടതിനെ തുടര്‍ന്ന് 2,000 കുട്ടികളാണ് കുടുംബത്തില്‍ നിന്നും വേര്‍തിരിഞ്ഞു പോയത്. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ മാതാപിതാക്കളെ കുഞ്ഞുങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനും ഒറ്റപ്പെട്ടു പോകാനും സാഹചര്യമുണ്ടാകുന്നത് ഡെമോക്രാറ്റുകളുടെയും റിപ്പബ്ളിക്കുകളുടെയും വിമര്‍ശനത്തിന് കാരണമാകുന്നു. ഇന്ത്യന്‍ കുടിയേറ്റക്കാരെ പിടികൂടിയത് ദേശീയ ശ്രദ്ധ തന്നെ ആകര്‍ഷിച്ചിരിക്കുകയാണ്. ഭാര്യ മെലാനിയ ട്രംപും മുന്‍ പ്രഥമവനിത ലൗറാബുഷുമെല്ലാം നടപടിയെ വിമര്‍ശിച്ചിരുന്നു. ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സമയം’ എന്നായിരുന്നു റിപ്പബ്ളിക്കന്‍ നേതാവ് ഏള് ബ്ളൂമെനര് ആക്ഷേപിച്ചത്. ” കുടിയേറ്റകാര്യത്തില്‍ നിങ്ങളുടെ നയം എന്താണെന്ന് എനിക്കറിയേണ്ട. എന്നാല്‍ കുട്ടികളെ മാതാപിതാക്കളുടെ കയ്യില്‍ നിന്നും വലിച്ചുപറിക്കുന്നത് ആരും അനുകൂലിക്കില്ല.” നിറഞ്ഞ കണ്ണുകളോടെയും ഇടറിയ കണ്ഠത്തോടെയും ചുവന്ന മുഖത്തോടെയുമായിരുന്നു ബ്ളൂമെനര് പോലും ഇക്കാര്യം പറഞ്ഞത്. അതേസമയം തന്നെ അമേരിക്കയിലേക്ക് മെക്സിക്കോക്കാരെ പോലെ തന്നെ അനധികൃതമായി കുടിയേറുന്നവരുടെ എണ്ണം കൂടുകയാണ്. 2014 ല്‍ അഞ്ചുലക്ഷമായിരുന്നു കണക്ക്. കഴിഞ്ഞ വര്‍ഷം 460 ഇന്ത്യാക്കാരെയാണ് ട്രംപ് ഭരണകൂടം പുറത്താക്കിയത്. 33 പേരെ ഈ വര്‍ഷം പുറത്താക്കിയതായിട്ടാണ് രേഖകള്‍ പറയുന്നത്.